പുണെ: പ്രതീക്ഷയുടെ കോര്‍ട്ടിലേക്ക്‌ സമനിലകളുടെ ഒക്ടോബര്‍ മറന്ന് വിജയമുറപ്പിച്ച്‌ നവംബര്‍ തുടങ്ങാന്‍ കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച ഇറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി പുണെ സിറ്റി എഫ്.സി.യാണ്. രാത്രി 7.30 മുതല്‍ പുണെയിലെ ശ്രീ ശിവ ഛത്രപതി സ്‌പോര്‍ട്സ് കോംപ്ലക്‌സിലാണ് മത്സരം. എ.ടി.കെ.യെ സീസണിലെ ആദ്യമത്സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചശേഷം മഞ്ഞപ്പടയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നീടുള്ള മൂന്നുമത്സരങ്ങളിലും സമനിലയായിരുന്നു. കേരളത്തെ തോല്‍പ്പിക്കാന്‍ ഐ.എസ്.എല്‍. മത്സരങ്ങളുടെ ചരിത്രത്തില്‍ ഒരുതവണ മാത്രമേ പുണെ സിറ്റി എഫ്.സി.യ്ക്ക് കഴിഞ്ഞിട്ടുള്ളൂ. തമ്മില്‍ ഏറ്റുമുട്ടിയ എട്ടുമത്സരങ്ങളില്‍ അഞ്ചെണ്ണം കേരളം ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ പിരിയുകയായിരുന്നു. 2015-ല്‍ മാത്രമാണ് പുണെയില്‍ കേരളം പരാജയപ്പെട്ടത്‌.

Image result for blasters team logo

പരിശീലകന്‍ ഡേവിഡ് ജെയിംസിന് ബ്ലാസ്റ്റേഴ്സിന് അനുയോജ്യമായ ഇലവന്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുണെയിലേക്ക് ആരെയൊക്കെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. സഹല്‍ അബ്ദുല്‍ സമദ് ജംഷേദ്പുരിനെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. സഹല്‍ അബ്ദുല്‍ സമദ് ആദ്യ ഇലവനില്‍ തിരിച്ചെത്തിയേക്കും. പ്രതിരോധത്തില്‍ അനസ് എടത്തൊടികയും സ്ഥാനം കണ്ടെത്തിയേക്കും. അങ്ങനെയാണെങ്കില്‍ മുഹമ്മദ് റാകിബോ ലാല്‍റുവാത്താരയോ പുറത്തിരിക്കും. സന്ദേശ് ജിംഗാനെ വിങ്ങുകളിലൂടെയുള്ള ആക്രമണത്തിന്റെ ചുമതലയേല്‍പ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രണ്ട് അസിസ്റ്റുകള്‍ നടത്തി കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സെമിന്‍ലെന്‍ ദൗംഗലിനെയും ആദ്യ ഇലവനില്‍ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്. ഈ സീസണില്‍ പുണെയ്ക്ക് ഒരു കളിപോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡല്‍ഹിയോട് സമനിലവാങ്ങി ഒരു പോയന്റ് മാത്രമാണ് അവര്‍ക്കുള്ളത്. ബാക്കി മൂന്നു മത്സരങ്ങളും തോറ്റ അവര്‍ക്ക് കോച്ച് മിഗ്വല്‍ ഏഞ്ചലിനെ പുറത്താക്കേണ്ടിയും വന്നു. പ്രദ്യും റെഡ്ഡിയാണ് താത്കാലിക പരിശീലകന്‍. മാഴ്സലിന്യേ-എമിലിയാനോ അല്‍ഫാരോ കൂട്ടുകെട്ടിലാണ് പുണെ വിശ്വാസമര്‍പ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഈ കൂട്ടുകെട്ടിന് ഇത്തവണ ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ വിജയം നിര്‍ബന്ധമാണ്. പുണെ മികച്ച ടീമാണെന്നറിയാം. എങ്കിലും ബ്ലാസ്റ്റേഴ്‌സ്‌ ജയിച്ചേ തീരൂ. മൂന്നു പോയന്റ് മാത്രമല്ല, ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തുകയും വേണം – ഡേവിഡ് ജെയിംസ്, കേരള ബ്ലാസ്റ്റേഴ്സ് കോച്ച്.

 

comments