കൊച്ചി : ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഡിസംബര്‍ 12 മുതല്‍ 16 വരെ കൊല്‍ക്കത്തയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23 സംസ്ഥാനങ്ങളില്‍ നിന്നുമായി 2100 പ്രതിനിധികള്‍ പങ്കെടുക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാടുകള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമേയങ്ങള്‍ പാര്‍ട്ടി സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ അറിയിച്ചു. പാര്‍ട്ടിതല ബന്ധമുള്ള വിദേശ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും, സൗഹാര്‍ദ്ദ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഫോര്‍വേഡ് ബ്ലോക്കിന്റെ സംസ്ഥാന സമ്മേളനം ഡിസംബര്‍ 2,3,4 തീയതികളിലായി എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് നടത്തും. കമ്മിറ്റി തയ്യാറാക്കിയിട്ടുള്ള കരട് രാഷ്ട്രീയ പ്രമേയങ്ങളും, പ്രദേശിക രാഷ്ട്രീയ പ്രമേയങ്ങളും സംഘടനാ റിപ്പോര്‍ട്ടുകളും സമ്മേളനം ചര്‍ച്ച ചെയ്യും. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നവംബര്‍ 24 മുതല്‍ 30 വരെ എല്ലാ ജില്ലകളിലും വിളംബര വാരം ആചരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ‘ നേതാജിയോടൊപ്പം മുന്നോട്ട് ഇന്ത്യയെ മാറ്റൂ, ഇന്ത്യയെ നയിക്കൂ ‘ എന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുദ്രവാക്യം. സമ്മേളന നഗരിയില്‍ ഉയര്‍ത്തുവാനുള്ള പതാക കണ്ണൂരില്‍ നിന്നും കൊടിമരം തിരുവന്തപുരത്തു നിന്നും വാഹന ജാഥയായി കൊണ്ടുവരും. ഹൈക്കോടതി ജംഗ്ഷനില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന നേതാജി ചിത്രപ്രദര്‍ശനവും സംഘടിപ്പിക്കും. പരിപാടിയുടെ നടത്തിപ്പിനു വേണ്ടി ജില്ലയില്‍ സ്വാഗത സംഘം രൂപികരിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി. റാംമോഹന്‍, ജില്ലാ സെക്രട്ടറി റ്റി.ആര്‍. ദേവന്‍, എ.ഐ.വൈ.എല്‍ സംസ്ഥാന പ്രസിഡന്റ് ജേക്കബ് തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു

comments

Categories: ഹോം