ദേശീയ രാഷ്ട്രീയത്തിലെ രണ്ടാമൻ എന്ന സ്ഥാനത്ത് നിന്നും എ കെ ആന്റണി ഔട്ടായി. ഇനി കെ.സി. വേണുഗോപാലാണ് കോൺഗ്രസിലെ രണ്ടാമൻ. കേരളത്തിൽ ചെന്നിത്തല ഉൾപ്പെടെയുള്ളവരുടെ ചങ്കിടിപ്പാണ് വേണുഗോപാലിന്റെ താരോദയത്തിലൂടെ കേൾക്കുന്നത്. സംഘടനാ ചുമതല ലഭിക്കുന്ന ആദ്യ മലയാളിയാണ് വേണുഗോപാൽ.കർണാടക സർക്കാർ രൂപീകരണമാണ് കെ. സിയുടെ ഇമേജ് വർധിപ്പിച്ചതെന്ന് പറയുന്നുണ്ടെങ്കിലും അടി മൂടി ഗ്രൂപ്പ് നിറഞ്ഞ കേരള രാഷ്ട്രീയത്തിൽ വേണുഗോപാൽ പിന്തുടർന്ന ഗ്രൂപ്പില്ലാ കളിയാണ് അദ്ദേഹത്തെ രാഹുലിന് പ്രിയപ്പെട്ടവനാക്കിയത്. ദേശീയ രാഷ്ട്രീയത്തിൽ നടക്കുന്ന നിർണായക വഴിഞ്ഞിരിവുകളിലും കെ സി കരുത്തുറ്റ നേതൃത്വമായി. രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞടുപ്പ് ഫലം തൂക്ക് മന്ത്രിസഭയാകുമെന്ന് കണ്ടപ്പോൾ രാഹുൽ ഗാന്ധി ജയ്പൂരിലേക്ക് കയറ്റിവിട്ടത് വേണുവിനെയാണ്. ട്രബിൾ ഷൂട്ടർ എന്ന പേരാണ് അന്നേ വേണുവിനുള്ളത്. രാഷ്ട്രീയ കരുനീക്കങ്ങൾ നടത്താൻ വേണുവിനോളം പോന്ന ഒരാളില്ല. രണ്ട് വർഷം മുമ്പ് ജനറൽ സെക്രട്ടറിയായ ഒരാളെ പോലെയല്ല കെ.സി. പ്രവർത്തിച്ചത്. തന്റെ കൈയിൽ അസാധ്യമായി ഒന്നുമില്ലെന്ന് കെ.സി.കരുതുന്നു. അത് ശരിയാണെന്ന് ആരും സമ്മതിക്കും.കേന്ദ്രത്തിൽ യു പിഎഅധികാരത്തിലെത്തിയില്ലെങ്കിൽ വേണുഗോപാൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരുമെന്ന് കരുതുന്ന നിരവധി പേരുണ്ട്. ചെന്നിത്തലയും ഉമ്മൻചാണ്ടിയും തമ്മിൽ മുഖ്യമന്ത്രി പദത്തിനു വേണ്ടി തല്ലു കൂടുമ്പോൾ സ്വാഭാവികമായും ഹൈകമാന്റ് അവതരിപ്പിക്കുന്ന പേര് വേണുഗോപാലിന്റേതായിരിക്കും. വേണുഗോപാൽ മന്ത്രിയായാൽ പൂർണമായും ഹൈക്കമാന്റിന്റെ മുഖ്യമന്ത്രിയായിരിക്കും. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹൈക്കമാന്റിനെക്കാൾ വളർന്ന നേതാക്കളാണ്. രാഹുൽ ഗാന്ധിയെ അവർ ഒരു പരിധിക്കപ്പുറം അംഗീകരിക്കില്ല. അക്കാര്യം രാഹുൽ ഗാന്ധിക്കറിയാം. വേണു രാഹുലിന് ഒരു സുഹ്യത്തിനെ പോലെയാണ്. അതായത് സോണിയ ഗാന്ധിക്ക് ആന്റണിയെ പോലെ . മുല്ലപള്ളിയും രാഹുൽ ഗാന്ധിയുടെ നോമിനിയാണ്.ഹൈകമാന്റിന്റെ ഇംഗിതങ്ങൾക്കൊപ്പം നിൽക്കും എന്നത് വേണുവിന്റെ ഏറ്റവും വലിയ പ്രത്യകതയാണ്. വേണുവിനെ കേരളത്തിൽ നിന്ന് അകരി നിർത്താൻ എക്കാലവും ശ്രമിച്ചവരാണ് കേരളത്തിലെ നേതാക്കൾ. ചെന്നിത്തലയാണ് ഇതിൽ ഒന്നാമൻ. വേണുവും ചെന്നിത്തലയും നായർ സമുദായംഗങ്ങളാണ്. ഇരുവർക്കും എൻ എസ് എസിന്റെ പിന്തുണയുണ്ട്. എന്നാൽ ജി സുകുമാരൻ നായർക്ക് വ്യക്തിപരമായ അടുപ്പം കൂടുതൽ വേണുഗോപാലിനോടാണ്. ആലപ്പുഴയിൽ വേണുവിനെ അദ്ദേഹം കൈയും മെയ്യും മറന്ന് സഹായിക്കാറുണ്ട്. വേണുവിനെ ആലപ്പുഴയിൽ നിന്നും മാറ്റാൻ സുകുമാരൻ നായർ സമ്മതിക്കുകയുമില്ല.എൻ എസ് എസും കോൺഗ്രസും തമ്മിലുള്ള ബന്ധം അനുദിനം വഷളായി വരികയാണ്. ഇത് പ്രതിരോധിക്കാൻ ചെന്നിത്തല ശ്രമിച്ചിട്ട് നടക്കുന്നുമില്ല. നായർ സമുദായം ലോക് സഭയിലും നിയമസഭയിലും ബി ജെ പിക്കൊപ്പം നിന്നാൽ അതിന്റെ ക്ഷീണം സംഭവിക്കുക കോൺഗ്രസ്സിനായിരിക്കും. കാരണം കോൺഗ്രസിന്റെ വോട്ടുകളാണ് ബി ജെ പിക്ക് പോൾ ചെയ്യുന്നത്. അത് ഒഴിവാക്കണമെങ്കിൽ ഉന്നതതല ഇടപെടൽ അത്യാവശ്യമാണ്. അതിന് വേണു ഗോപാലിനോളം പോന്ന ഒരാളില്ല. കേരളത്തിൽ കോൺഗ്രസിന് സാധ്യത തെളിഞ്ഞാൽ വേണുഗോപാലിന്റെ പേരായിരിക്കും ആദ്യം തെളിയുക. ഉമ്മൻചാണ്ടിയാകട്ടെ ഒരു കാരണവശാലും പാർലമെന്റിലേക്കില്ലെന്ന നിലപാടിലാണ്. അദ്ദേഹത്തിന്റെ ശ്രദ്ധ കേരളത്തിൽ തന്നെയാണ്. താൻ വിചാരിച്ചാൽ മാത്രം ലഭിക്കുന്നതാണ് ന്യൂനപക്ഷ വോട്ടുകൾ എന്ന പ്രതീതി സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാലും ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് തോന്നുന്നില്ല.

comments

Categories: ഹോം