കൊച്ചി: നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെ വിമർശിച്ച് രംഗത്തെത്തിയ സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവർക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നമാണെന്ന് കണ്ണന്താനം പറഞ്ഞു. ഈ അവാർഡ് ലഭിച്ചതിൽ വിവാദം സൃഷ്ടിക്കാതെ ആഘോഷിക്കാൻ നമ്മൾ ശ്രമിക്കണം. സെൻകുമാറിന് അഭിപ്രായം പറയാൻ അവകാശമുണ്ട്. സെൻകുമാർ ബിജെപി അംഗമല്ല. നമ്പി നാരായണന് കിട്ടിയ അംഗീകാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

നമ്പി നാരായണന് പദ്മഭൂഷൻ നൽകിയത് അമൃതിൽ വിഷം വീണ പോലെയാണെന്നായിരുന്നു സെന്‍കുമാറിന്‍റെ വിമര്‍ശനം. ഇങ്ങനെ പോയാൽ ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്ലാമിനും ഇക്കൊല്ലം വിട്ടുപോയ മറിയം റഷീദയ്ക്കും പദ്മവിഭൂഷൻ കിട്ടുമോ? നമ്പി നാരായണൻ ഐഎസ്ആർഒയ്ക്ക് വേണ്ടി എന്താണ് കാര്യമായ ഒരു സംഭാവന നൽകിയതെന്നും സെന്‍കുമാര്‍ ചോദിച്ചത്.

ചാരക്കേസ് വീണ്ടും അന്വേഷിക്കേണ്ടി വന്നപ്പോഴും അതിന് മുമ്പും ഇക്കാര്യം ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായരടക്കമുള്ളവരോട് താൻ ചോദിച്ചതാണ്. ഇതിനുള്ള ഉത്തരം അവാർഡ് സ്പോൺസർ ചെയ്തവരും അവാർഡ് കൊടുത്തവരും പറയണം. ചാരക്കേസിനെക്കുറിച്ച് സുപ്രീംകോടതി നിർദേശപ്രകാരം ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുകയാണ്. മനുഷ്യന് ഗുണമുണ്ടാകുന്ന പല കണ്ടുപിടിത്തങ്ങളും നടത്തിയ പലർക്കും അവാർഡ് കൊടുക്കുന്നില്ല. പച്ചവെള്ളത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും വേർതിരിക്കുന്ന ഒരു കണ്ടുപിടിത്തം നടത്തിയയാൾ കോഴിക്കോട്ടുണ്ട്. അങ്ങനെയുള്ള പലർക്കും അവാർഡ് കൊടുത്തില്ലെന്നും സെന്‍കുമാർ പറഞ്ഞിരുന്നു.

comments

Categories: ഹോം