പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിന്റെ പദ്ധതികള്‍ പൊളിച്ചത് പോലീസുകാരാണെന്ന് സൂചന. മിന്നല്‍ റെയ്ഡ് ചോര്‍ത്തിയത് ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ തന്നെയെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലരുടെ ഫോണ്‍ വിളിയുടെ വിശദാംശം പരിശോധിക്കണമെന്ന എസ്പിയുടെ ആവശ്യം മേലുദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടില്ല.

പാര്‍ട്ടി ഓഫിസ് പരിശോധിക്കുന്നതിനോടു മെഡിക്കല്‍ സിഐ എതിര്‍പ്പു പ്രകടിപ്പിച്ചതു മേലുദ്യോഗസ്ഥയുടെ ഉത്തരവ് അനുസരിക്കാത്തതിനു തുല്യമാണെന്നും എസ്പി ഉന്നതരെ അറിയിച്ചിട്ടുണ്ട്. പോക്‌സോ കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ കാണാന്‍ ഡിവൈഎഫ്‌ഐ നേതാവും സംഘവും സ്‌റ്റേഷനില്‍ എത്തിയതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. പാറാവ് നിന്ന പോലീസുകാര്‍ ഇവരെ കടത്തി വിട്ടില്ല. ചിലം ബലം പ്രയോഗിച്ച് അകത്ത് കയറിയതോടെ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയത്.

തുടര്‍ന്നാണ് ഡിസിപി ചൈത്ര ഇടപെട്ടത്. വയര്‍ലസിലൂടെ മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ ഉത്തരവിട്ടു. പോലീസുകാര്‍ മതിയായ വകുപ്പുകള്‍ ചുമത്താതിരുന്നപ്പോള്‍ ചൈത്ര ഇടപെട്ടാണ് ഗുരുതര കുറ്റം ചുമത്തിയത്.

തുടര്‍ന്നാണ് പ്രധാന പ്രതി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. എസ്പിയും മെഡിക്കല്‍ കോളേജ് സിഐയും സംഘവും പ്രതിയുടെ വീടുകള്‍ പരിശോധിച്ചപ്പോഴാണ് ചില പ്രതികള്‍ ജില്ല കമ്മിറ്റി ഓഫീസില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ശ്രമിച്ച സിഐ വിയോജിപ്പ് പ്രകടിപ്പിച്ചുവത്രെ. ഒന്നുകൂടി ആലോചിച്ചിട്ടുപോരെ എന്ന ചോദ്യത്തിന് ഉത്തരവാണെന്ന മറുപടി കിട്ടിയതോടെ സിഐയ്ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. അതിനിടെയാണ് ചില പോലീസുകാര്‍ ആരേയോ ഫോണ്‍ ചെയ്യുന്നതെന്ന് മനസിലായത്. പക്ഷെ എസ്പി വിലക്കി.

എന്നാല്‍ അവര്‍ പാര്‍ട്ടി ഓഫീസിന് മുമ്പിലെത്തും മുമ്പ് തന്നെ ചില സിപിഎം പ്രവര്‍ത്തകര്‍ ചൈത്രയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ചൈത്ര ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന പോലീസുകാരുടെ ഫോണില്‍ വിളിച്ചാണ് സിപിഎം ഓഫീസാണ് കയറരുതെന്ന സന്ദേശവും നല്‍കിയത്.

ഇതൊന്നും വകവയ്ക്കാതായതോടെയാണ് ചൈത്ര പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പോലീസ് ഓഫീസ് അസോസിയേഷന്‍ നോതാക്കളെ ബന്ധപ്പെട്ടു. ഒടുവില്‍ എഡിജിപി നേരിട്ടിടപെട്ടതോടെയാണ് റെയ്ഡ് പകുതി വഴിയ്ക്ക് ഉപേക്ഷിച്ചത്. എന്നാല്‍ റെയ്ഡ് വിവരം ചോര്‍ത്തിയെന്നാണ് ചൈത്ര നല്‍കിയ പരാതി. റെയ്ഡില്‍ പങ്കെടുത്ത പോലീസുകാരുടെ ഫോണ്‍ നമ്പര്‍ പരിശോധിക്കണമെന്നും എങ്കില്‍ കള്ളി പുറത്താകുമെന്നും ചൈത്ര പറയുന്നു. ഇതിനിടെ ആരാണ് ഒറ്റുകാരനെന്ന് ചൈത്ര കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം കൂടി കിട്ടിയിരുന്നെങ്കില്‍ എല്ലാം ശരിയാക്കിയേനെ.

അതേസമയം നടപടിയ്ക്ക് ശുപാര്‍ശ ചെയ്യാതെയുള്ള റിപ്പോര്‍ട്ടാണ് ഡിജിപി മുഖ്യമന്ത്രിക്ക് നല്‍കിയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊലീസ് പരിശോധന സംബന്ധിച്ച് കോടതിക്ക് എസ്പി സേര്‍ച്ച് മെമ്മോറാണ്ടം നല്‍കിയിരുന്നതായി എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജനറല്‍ ഡയറിയിലും രേഖപ്പെടുത്തിയതിനാല്‍ ചട്ടലംഘനമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയിലുള്ള അന്വേഷണ റിപ്പോര്‍ട്ടാണു മനോജ് ഏബ്രഹാം ഡിജിപിക്കു കൈമാറിയത്. മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനിലേക്കു കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി പാര്‍ട്ടി ഓഫിസില്‍ ഒളിവിലുള്ളതായി ഇയാളുടെ ഫോണ്‍ ചോര്‍ത്തി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ്, ഡിസിപിയുടെ അധികച്ചുമതല വഹിച്ചിരുന്ന വനിതാ സെല്‍ എസ്പി ചൈത്ര 24നു രാത്രി പരിശോധനയ്ക്കു പോയത്. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് സിഐ ഒപ്പമുണ്ടായിരുന്നു. ചിലര്‍ വിവരം ചോര്‍ത്തിയതോടെ പ്രതി കടന്നുകളഞ്ഞെന്നാണ് ഉന്നത ഉദ്യോഗസ്ഥരും വിലയിരുത്തുന്നുണ്ട്.

വനിതാ എസ്പിയെ പിന്തുണച്ച് എഡിജിപി എത്തിയെങ്കിലും അത് മുഖ്യമന്ത്രി തള്ളാനാണ് സാധ്യത. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്‌റ്റേഷനില്‍ കാണാന്‍ സമ്മതിച്ചില്ലെന്ന തര്‍ക്കത്തിനു പിന്നാലെയാണു കല്ലേറുണ്ടായതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട വിഷയമായതിനാല്‍ റിപ്പോര്‍ട്ട് ഡിജിപി പരിശോധിച്ച ശേഷമാണ് നടപടിയില്ലാതെ റിപ്പോര്‍ട്ട് നല്‍കിയത്.  

comments

Categories: ഹോം