Home Education കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്;174ൽ 131ലും വിജയം നേടി എസ്എഫ്ഐ മുന്നേറ്റം, കോഴിക്കോട് ഗവ....

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്;
174ൽ 131ലും വിജയം നേടി എസ്എഫ്ഐ മുന്നേറ്റം, കോഴിക്കോട് ഗവ. ലോ കോളേജിൽ ഫലപ്രഖ്യാപനം ഹൈക്കോടതി മരവിപ്പിച്ചു

238
0

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലാ ക്യാംപസിലും അഫിലിയേറ്റഡ് കോളേജുകളിലും നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് ചരിത്ര നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 174 കോളേജുകളിൽ 131 ഇടങ്ങളിലും യൂണിയൻ ഭരണം നേടിയതായി എസ്എഫ്ഐ നേതൃത്വം അവകാശപ്പെട്ടു.

വയനാട് ജില്ലയിൽ 10ൽ 7, കോഴിക്കോട് 55ൽ 45, മലപ്പുറത്ത് 49ൽ 24, പാലക്കാട് 33ൽ 30, തൃശൂർ ജില്ലയിൽ 27ൽ 25 കോളേജുകളിൽ വിജയിച്ചതായാണ് നേതൃത്വം പുറത്തുവിട്ട കണക്കുകളിലുള്ളത്.

കോവിഡിനെത്തുടർന്നുള്ള രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് ക്യാമ്പസുകളിൽ തെരഞ്ഞെടുപ്പ് നടന്നത്. മുൻപ് നഷ്ടപ്പെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ്, ബത്തേരി സെൻ്റ് മേരീസ് കോളേജ്, കൊടുവള്ളി ഗവ.കോളേജ്, തൃത്താല ഗവ. കോളേജ്, കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളേജ്, ചെർപ്പുളശ്ശേരി സി.സി.എസ്.ടി കോളേജ് മങ്കട ഗവ.കോളേജ് എന്നിവ എസ്എഫ്ഐ തിരിച്ചുപിടിച്ചു.

അതേസമയം, കോളേജുകളിൽ കൂടുതൽ യുയുസിമാരെ വിജയിപ്പിക്കാൻ കഴിഞ്ഞത് നെട്ടമാണെന്ന് എംഎസ്എഫ് അഭിപ്രായപ്പെട്ടു. ഇരുന്നൂറിനടുത്ത് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ വിജയിപ്പിക്കാൻ എംഎസ്എഫിന് സാധിച്ചു. ഭാവിയിൽ സർവ്വകലാശാലാ തലത്തിലുള്ള ഇടപെടലുകൾ ഇതുവഴി ശക്തമാക്കാൻ കഴിയുമെന്നാണ് എംഎസ്എഫിൻ്റെ പ്രതീക്ഷ.

മണ്ണാർക്കാട് കല്ലടി എം.ഇ.എസ്, തുഞ്ചത്ത് എഴുത്തച്ഛൻ കോളേജ് തിരൂർ, എൽ.ബി.എസ് പരപ്പനങ്ങാടി, കുന്നമംഗലം ഗവ. കോളേജ് തുടങ്ങിയ കോളേജുകൾ എംഎസ്എഫ് യൂണിയൻ തിരിച്ചുപിടിച്ചു.

കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ വിജയം കൊയ്തു.
1627 വോട്ടുകൾ പോൾ ചെയ്തതിൽ എസ്എഫ്ഐയുടെ എല്ലാ സ്ഥാനാർത്ഥികളും ആയിരത്തിലേറെ വോട്ടുകൾ നേടി. 700നും 750 ഇടയിലാണ് എല്ലാവരുടെയും ഭൂരിപക്ഷം. വിജയികൾ: എം ബി സ്‌നേഹിൽ(ചെയർമാൻ), കെ കെ മന്യ(വൈസ്‌ ചെയർമാൻ), ടി നിഖിൽ രാജ്‌(ജനറൽ സെക്രട്ടറി), കെ എം സവിത(ജോയിന്റ്‌ സെക്രട്ടറി), കെ എസ് മുരളിക(സ്‌റ്റുഡന്റ്‌ എഡിറ്റർ ), കെ ജെ ഹരിരാമൻ(ഫൈൻ ആർട്‌സ്‌ സെക്രട്ടറി), ടി സലീൽ(ജനറൽ ക്യാപ്‌റ്റൻ), എം ആനന്ദ്‌, ടി സ്നേഹ(യുയുസി), എ ആഷിഫ്‌(തൃശൂർ സെന്റർ പ്രതിനിധി).

കോഴിക്കോട് ഗവ. ലോ കോളേജിൽ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി മരവിപ്പിച്ചു. അവസാനവര്‍ഷ എല്‍.എല്‍.എം വിദ്യാര്‍ത്ഥി ആയ ബെന്നറ്റ് ടോം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പരാതികാരന്‍ നല്‍കിയ നാമനിദേശപത്രിക റിട്ടേണിംഗ് ഓഫീസര്‍ നിരസിച്ചിരുന്നു. പരാതിക്കാരന്റെ കോഴ്‌സ് ഏതാനും മാസങ്ങള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളു എന്ന കാരണത്താലാണ് പത്രിക തള്ളിയത്. എന്നാൽ, തനിക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് പരാതിക്കാരന്‍ ഹരജിയില്‍ ആരോപിച്ചു. അന്തിമവിധി ബുധനാഴ്ച്ചയാണ്.

Previous articleമുഖ്താർ അൻസാരിയുടെ ഭാര്യാ സഹോദരനും അറസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here