Home വിദ്യാഭ്യാസം എസ്.എഫ്.ഐ അംഗം ആണോ, മാര്‍ക്ക് കിട്ടാന്‍ പഠിക്കേണ്ട കാര്യമില്ലാ

എസ്.എഫ്.ഐ അംഗം ആണോ, മാര്‍ക്ക് കിട്ടാന്‍ പഠിക്കേണ്ട കാര്യമില്ലാ

8

തിരുവനന്തപുരം: അസൈന്‍മെന്റുകളും പ്രോജക്ടുകളും പൂര്‍ത്തിയാക്കിയില്ലെങ്കിലും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമാണെങ്കില്‍ മാര്‍ക്ക് കിട്ടും. എല്ലാ ദിവസവും ക്ലാസില്‍ കയറിയില്ലെങ്കിലും ഹാജരും. ആരെയും പേടിക്കാതെ പരീക്ഷകളില്‍ കോപ്പിയടിക്കാം. അധ്യാപകര്‍ ആരെങ്കിലും തുറിച്ചുനോക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്താല്‍ ക്ലാസില്‍ നിന്നിറങ്ങും മുന്‍പ് അദ്ദേഹത്തിന്റെ കാറിന്റെ ഗ്ലാസ് തകര്‍ക്കും. അല്ലെങ്കില്‍ പിന്നെ കാറ്റില്ലാത്ത ടയര്‍ കാണേണ്ടി വരും ഇവര്‍ക്ക്. പേരുപറയാന്‍ ഇപ്പോഴും പേടിക്കുന്ന ഒരു മുന്‍ അധ്യാപകന്‍ പറയുന്നു – ‘ഈ കാലുമായി സാറിനു കോളജിനു പുറത്തേയ്ക്കു പോകണോ’ എന്ന് ഒരു എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗം മുഖത്തുനോക്കി ചോദിച്ചിട്ടുണ്ടെന്ന്. കോളജുകള്‍ നിയന്ത്രിക്കുന്നത് പ്രിന്‍സിപ്പല്‍മാരാണ്. എന്നാല്‍ യൂണിറ്റ് കമ്മിറ്റിക്കാണ് യൂണിവേഴ്‌സിറ്റി കോളജില്‍ മാത്രം ഭരണനിര്‍വഹണം. അവര്‍ പറയുന്നതിനപ്പുറം ഒന്നും നടക്കില്ല.

വലിയ മാര്‍ക്കു വാങ്ങി പ്ലസ്ടു വിജയിച്ച് പ്രവേശനം നേടിയെത്തുന്ന മിടുക്കന്മാര്‍ എങ്ങനെ ഇത്തരം ഗുണ്ടായിസത്തിലേക്കു തിരിയുന്നുവെന്ന സംശയത്തിന് വിരമിച്ച ഒരു അധ്യാപകന്‍ പറയുന്നു – ” പ്രവേശനം നേടിയ ശേഷം വേണ്ടെന്നുവച്ച് കോളജ് വിടുന്ന ഒട്ടേറെപ്പേരുണ്ട്. അവര്‍ക്കു പകരം ആരെ പ്രവേശിപ്പിക്കണമെന്ന് എസ്എഫ്‌ഐ പട്ടിക നല്‍കും. റാങ്ക് പട്ടികയില്‍ ഏറെ പിന്നിലെങ്കിലും വഴിവിട്ട് ഇവര്‍ക്കു പ്രവേശനം നല്‍കാന്‍ പ്രിന്‍സിപ്പലും അധ്യാപകരും മല്‍സരിക്കുകയാണ്. എസ്എഫ്‌ഐയും പാര്‍ട്ടിയും ഇടപെട്ട് ഇവരുടെ പ്രവേശനം യൂണിവേഴ്‌സിറ്റിയെക്കൊണ്ട് ക്രമവല്‍കരിക്കും. ഇങ്ങനെ വഴിവിട്ട് കയറുന്നവരാണ് പലപ്പോഴും യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി കോളജ് അടക്കി ഭരിക്കുന്നത്. സ്‌പോര്‍ട്‌സ് ക്വാട്ട വഴി പ്രവേശനം നേടുന്നവരും ഏറെയാണ്. “