
കൊച്ചി : നെട്ടൂര്‍ കുമ്പളത്ത് ഒരാഴ്ച മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കുമ്പളം മാന്ദനാട്ട് വിദ്യന്റെ മകന് അര്ജുന് (20) ന്റെ മൃതദേഹമാണ് ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ സുഹൃത്തുക്കളായ നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
കസ്റ്റഡിയിലുള്ള നാലു പേരും സമപ്രായക്കാരും അര്‍ജുന്റെ കൂട്ടുകാരുമാണ്. കൃത്യം നടത്തിയെന്നു കരുതുന്നവരില്‍ ഒരാളുടെ സഹോദരന് അര്‍ജുനുമൊത്തു പോകുമ്ബോള്‍ കളമശേരിയില്‍ വച്ച് ഒരു വര്‍ഷം മുന്‍പ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു. ഇത് അപകടമരണം അല്ലെന്നും അര്‍ജുനെയും ഇതേ രീതിയില്‍ വധിക്കുമെന്നും ഇയാള്‍ പറഞ്ഞതായി അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നു. അര്‍ജുനുമായി അടുത്ത കാലത്ത് സൗഹൃദത്തിലായ ഇയാള്‍ 2നു രാത്രി മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അര്‍ജുനെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നത്രേ. നെട്ടൂരില്‍ എത്തിച്ച ശേഷം മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തുകയായിരുന്നെന്നാണു സൂചന.
ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലാണ്. ഫൊറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു. കൃത്യം നടത്തിയവരുടെ മൊഴിയില്‍ നിന്നാണു മൃതദേഹം അര്‍ജുന്റേതാണെന്ന സൂചന ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. ജൂലൈ രണ്ടിനാണ് അര്‍ജുനെ കാണാതാകുന്നത്. അര്‍ജുനെ കൊന്നു ചതുപ്പില്‍ താഴ്ത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലീസ് സ്ഥലം കണ്ടെത്തി തിരച്ചില്‍ നടത്തിയത്.

കുറച്ചു ദിവസമായി ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നതിന്റേതാണെന്നു കരുതിയതായി പരിസരവാസികള്‍ പറഞ്ഞു. റെയില്‍വേ പാളത്തിനു പടിഞ്ഞാറുവശം ഭൂമാഫിയ നികത്തിയിട്ട ഏക്കര്‍ കണക്കിനു സ്ഥലമാണു ചതുപ്പും കണ്ടലും നിറഞ്ഞു കിടക്കുന്നത്. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് പനങ്ങാട് പൊലീസില്‍ മൂന്നാംതീയതി പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 9ാം തീയതി ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തതിനു ശേഷമാണ് പൊലീസ് അനങ്ങിയതെന്നും അര്‍ജുന്റെ ബന്ധുക്കള്‍ പറഞ്ഞു. അര്‍ജുനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയവരെപ്പറ്റി കൃത്യമായ വിവരങ്ങള്‍ പരാതി നല്കിയപ്പോള് തന്നെ പൊലീസിനു കൈമാറിയിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.