Home ലേറ്റസ്റ്റ് ന്യൂസ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ് തീരുമാനം മാറ്റാതെ രാഹുല്‍

തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ് തീരുമാനം മാറ്റാതെ രാഹുല്‍

2

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പാര്‍ട്ടി എംപിമാര്‍ ഒന്നടങ്കം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു തുടരണമെന്നു ഉയര്‍ത്തിയ ആവശ്യത്തിനു മുന്നില്‍ വഴങ്ങാതെ രാഹുല്‍ ഗാന്ധി. തനിക്കാണ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തമെന്നും ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. പാര്‍ട്ടിയോട് പിന്‍ഗാമിയെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടും അതു ചെയ്യാതെ വീണ്ടും തനിക്കു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. രാജ്യത്തുടനീളം സംഘടനാതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പര്യടനം നടത്തുന്നതു പരിഗണനയിലുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ചര്‍ച്ചയ്ക്കിടെ എത്തിയപ്പോള്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി: തിരുനാവുക്കരശ് വിഷയം അവതരിപ്പിച്ചു. രാജിയില്‍ നിന്നു രാഹുല്‍ പിന്‍മാറണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാന്‍ എംപിമാര്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസം മുന്‍പു താന്‍ സ്ഥാനമൊഴിഞ്ഞുവെന്നും തീരുമാനം മാറ്റുന്ന ശീലം തനിക്കില്ലെന്നും രാഹുല്‍ പ്രതികരിച്ചു.

https://m.telegraphindia.com/unsafe/620x350/smart/static.telegraphindia.com/derivative/THE_TELEGRAPH/1692861/16X9/image335e4617-4049-4e73-b3bb-df39d8248b74.jpg

എംപിമാരില്‍ ചിലര്‍ തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ സമിതിയെ വയ്ക്കാമെന്ന് പറഞ്ഞു. രാഹുലിന്റെ മറുപടി ഇങ്ങനെ ‘മുന്‍പ് എത്രയോ സമിതികള്‍ വന്നു; തോല്‍വിയുടെ ഉത്തരവാദിത്തം ആരുടെ മേലും ചുമത്താതെയുള്ള റിപ്പോര്‍ട്ടുകളാണ് അവ സമര്‍പ്പിച്ചത്. മുന്‍പ് യുപിയില്‍ റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചു പരാതി പറയാന്‍ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ ഉത്തരവാദിത്തം പലരിലേക്കു കൈമാറുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ആ രീതി കോണ്‍ഗ്രസില്‍ വേണ്ട. ഉത്തരവാദിത്തം ഞാന്‍ ഏല്‍ക്കുന്നു. പാര്‍ട്ടി നിശ്ചയിക്കുന്ന ഏതു നേതാവിനെയും പിന്‍ഗാമിയായി അംഗീകരിക്കാം. പാര്‍ട്ടിയില്‍ ഊര്‍ജസ്വലനായി പ്രവര്‍ത്തിക്കും’രാഹുല്‍ പറഞ്ഞു. ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ പദവിയൊഴിയരുതെന്നു ശക്തമായി ആവശ്യപ്പെട്ടെങ്കിലും അവരുടെ വാദങ്ങളെല്ലാം രാഹുല്‍ നിഷേധിച്ചു. ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും ഇതേ ആവശ്യമുന്നയിച്ചു.

ഇന്ദിരാ ഗാന്ധി 1977 ലെ തിരഞ്ഞെടുപ്പു തോല്‍വിക്കു ശേഷം സമാന രീതിയില്‍ പര്യടനം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെ ലോക്‌സഭയില്‍ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു രാഹുലിന്റെ രാജി സംബന്ധിച്ച ചര്‍ച്ചയിലേക്കു നീങ്ങിയത്.