Home ലേറ്റസ്റ്റ് ന്യൂസ് പശുവിനെ മോഷ്ടിച്ചു കടത്തല്‍ പുതിയ തന്ത്രങ്ങളുമായി പശുക്കൊള്ളക്കാർ

പശുവിനെ മോഷ്ടിച്ചു കടത്തല്‍ പുതിയ തന്ത്രങ്ങളുമായി പശുക്കൊള്ളക്കാർ

3

കൊൽക്കത്ത : ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പശുവിനെ മോഷ്ടിച്ചു കടത്തുന്നതിന് പുതിയ തന്ത്രങ്ങളുമായി പശുക്കൊള്ളക്കാർ. പശുവിന്റെ കഴുത്തിൽ ബോംബ് കെട്ടിവെച്ച് നദിയിൽ ഒഴുക്കുന്നതായി ബിഎസ്‌എഫ്. പശുക്കടത്ത് പിടികൂടുമ്പോൾ സൈനികർക്ക് പരിക്കേൽക്കാനാണ് പുതിയ തന്ത്രമെന്ന് ബിഎസ്‌എഫ് വ്യക്തമാക്കി.

മരങ്ങൾ കൊണ്ടു നിർമ്മിച്ച താത്കാലിക ചങ്ങാടങ്ങളിൽ കെട്ടി പശുവിനെ നദികളിലേക്ക് ഒഴുക്കിവിടുകയാണ് കൊള്ളക്കാർ ചെയ്യുന്നത്. തെക്കൻ ബംഗാൾ അതിർത്തിയിൽ നിന്നാണ്‌ ഇങ്ങനെ ഒഴുക്കിവിട്ട പശുക്കളെ കണ്ടെത്തിയത്. മാൽഡ ,മൂർഷിദാബാദ് , നോർത്ത് 24 പർഗാനാസ് , നാദിയ എന്നീ ജില്ലകളിലാണ് ഇത്തരം കൊടും ക്രൂരതകൾ അരങ്ങേറുന്നത്.

പശുവിന്റെ കഴുത്തിൽ കെട്ടിവെച്ച സ്ഫോടക വസ്തുക്കളെപ്പറ്റി പഠിക്കുകയാണെന്ന് ബിഎസ്‌എഫ് വ്യക്തമാക്കി. ഇത് ഐ‌ഇഡി ആണെന്നും കണ്ടെത്തിയിട്ടുണ്ട്. പശുക്കടത്തിനു പിന്നിൽ ഭീകരസംഘടനകൾക്കും തീവ്രവാദ സംഘടനകൾക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 1500 ലധികം പശുക്കളെയാണ് ബിഎസ്‌എഫ് രക്ഷപ്പെടുത്തിയത്. പശുക്കളുടെ വില വർദ്ധിച്ചതോടെയാണ് മോഷണം പെരുകുന്നത്. പശുവിനെ കൊള്ളയടിക്കാനെത്തുന്നവർ ഗ്രാമീണരെ ആക്രമിക്കുന്നതും പതിവാണ്. പൊലീസും ബിഎസ്‌എഫും ഇവരുടെ ആക്രമണങ്ങൾ നേരിട്ടിരുന്നു. അതേസമയം ഗ്രാമീണർ സംഘടിച്ച് ഇത്തരക്കാരെ പിടികൂടുന്ന സംഭവങ്ങളും നടക്കാറുണ്ട്. ഈയടുത്ത് ബംഗാളിൽ ഗ്രാമീണരുടെ മർദ്ദനമേറ്റ് പശുക്കൊള്ളക്കാർ കൊല്ലപ്പെട്ടിരുന്നു.