Home ലേറ്റസ്റ്റ് ന്യൂസ് പണിതീരാറായ വീട്ടില്‍ കോഴിമാലിന്യം നിക്ഷേപിച്ച സാമൂഹ്യ വിരുദ്ധര്‍ ഇളിഭ്യരായി

പണിതീരാറായ വീട്ടില്‍ കോഴിമാലിന്യം നിക്ഷേപിച്ച സാമൂഹ്യ വിരുദ്ധര്‍ ഇളിഭ്യരായി

16

ഗുരുവായൂര്‍: പണിതീരാറായ വീട്ടില്‍ കോഴിമാലിന്യം വീപ്പകളിലാക്കി കൊണ്ടുവന്ന് നിക്ഷേപിച്ച സാമൂഹ്യ വിരുദ്ധര്‍ ഇളിഭ്യരായി. മാലിന്യ സംസ്‌കരണത്തില്‍ ഒരു പോരാട്ടമുഖം തന്നെ തുറന്ന ഗുരുവായൂര്‍ നഗരസഭ പരിധിയിലാണ് മാലിന്യം നിക്ഷേപിച്ചത് എന്നതാണ് ഇവര്‍ക്ക് അക്കിടിയായത്. ഒരു മാസം മുന്‍പാണ് ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് പഴയ ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിരവധി വീപ്പകളിലായി കോഴിമാലിന്യം നിക്ഷേപിച്ചത്. ഇനി ടൈല്‍ പണി മാത്രം ബാക്കിയുള്ള വീടിനകത്താണ് ഈ കടുംകൈ ചെയ്തത്. ചീഞ്ഞുനാറുന്ന ഈ മാലിന്യമെല്ലാം ഇനി എന്തുചെയ്യുമെന്നറിയാതെ ഉടമ കുഴങ്ങി.

വിവരമറിഞ്ഞെത്തിയ നഗരസഭ കൗണ്‍സിലര്‍മാരായ കെ വി വിവിധും എ ടി ഹംസയും ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു. നഗരസഭയിലെ ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിന് ഉപദേശം നല്‍കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികളുടെ മേല്‍നോട്ടത്തില്‍ ഈ വീടിനുള്ളില്‍ വെച്ച് തന്നെ മാലിന്യം വളമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ചകിരിച്ചോറും ചില കെമിക്കല്‍ ഏജന്റുകളും ചേര്‍ത്ത് സംസ്‌കരണ പ്രക്രിയ വേഗത്തിലാക്കി. പരിഷത്ത് ഭാരവാഹി മനോജ് കുമാറിന്റേയും എരുമപ്പെട്ടി സ്വദേശിയായ അഷറഫിന്റേയും നേതൃത്വത്തിലായിരുന്നു ഇത്. 27 ദിവസം പിന്നിട്ടപ്പോള്‍ മാലിന്യം പൂര്‍ണ്ണമായും അസ്സല്‍ ജൈവ വളമായി മാറിക്കഴിഞ്ഞു.

നൈട്രജനും കാല്‍സ്യവും സമ്പുഷ്ടമായ ഉത്തമമായ ജൈവ വളമാണിതെന്ന് മനോജ് കുമാര്‍ പറഞ്ഞു. കോഴിവേസ്റ്റ് എന്നൊരു വേസ്റ്റില്ലെന്നും ജൈവവളം ഉണ്ടാക്കുന്നതിനുള്ള അസംസ്‌കൃത വസ്തു മാത്രമാണതെന്നും അദ്ദേഹം വിശദീകരിച്ചു. തയ്യാറായ ജൈവളം ബുധനാഴ്ച രാവിലെ ചാക്കുകളിലാക്കി കൊണ്ടുപോയി. മാലിന്യം കൊണ്ടുവന്ന് നിക്ഷേപിച്ച നിരവധി വീപ്പകള്‍ കെട്ടിടം പണിക്ക് വെള്ളം നിറക്കാന്‍ ഉപകരിക്കും പാകത്തില്‍ ബാക്കിയാവുകയും ചെയ്തു. ഉടമയ്ക്കും സന്തോഷം.